അഞ്ചല്‍ : അഞ്ചല്‍ റേഞ്ചില്‍ ഭാരതീപുരത്ത് പ്രവര്‍ത്തിച്ചിരുന്ന ആര്‍ആര്‍ടി പത്തനാപുരത്തെ കറവൂരിലേക്ക് മാറ്റിയ നടപടിക്കെതിരെ സിപിഎം പ്രതിഷേധം.
കുളത്തൂപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വന്യമൃഗ ആക്രമണം രൂക്ഷമാകുമ്പോള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന ആര്‍ആര്‍ടി മറ്റൊരിടത്തേക്ക് മാറ്റിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആര്‍ആര്‍ടി ഭാരതീപുരത്ത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരതീപുരത്തെ ആര്‍ആര്‍ടി കേന്ദ്രത്തിലേക്ക് മാര്‍ച്ചും പ്രതിഷേധവും സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. ജയമോഹന് ഉദ്ഘാടനം ചെയ്തു.
കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും വനംവകുപ്പിനുമാണ്. ഇത് തെളിയിക്കുന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി. വിഷയത്തില്‍ നിന്ന് വനം വകുപ്പിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡി. വിശ്വസേനന്‍, ടി. ജയന്, ബി.രാജീവ്, ആതിര പ്രവീണ്‍, കിഷോര്‍, ഹസീന തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏഴിന് വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ സിപിഎം ജനകീയ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.